തിരുവനന്തപുരം. നവംബര്‍ 18. കളിയിക്കാവിള- വഴിമുക്ക് ദേശീയ പാത പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അറിയിച്ചു. 17.4 കിലോ മീറ്റര്‍ ദൂരത്തെ പരിപാലന പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ചതായി ദേശീയ പാതാ അതോറിറ്റി അറിയിച്ച സാഹചര്യത്തില്‍ അടിയന്തരമായി തുടര്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി, പൊതുമരാമത്ത് ദേശീയ പാതാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
ഈ മേഖലയിലെ ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി തുക അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ദേശീയപാതാ പരിപാലനത്തില്‍ ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുക അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചത്. ഫണ്ട് അനുവദിച്ചതോടെ ഇനി ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനാകും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്- കൊറ്റന്‍കുളങ്ങര റീച്ചിന്റെ പ്രവൃത്തി ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്.