ജനങ്ങള്‍ കാഴ്ച്ചക്കാരല്ല, കാവല്‍ക്കാര്‍- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Share this post:

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ കാഴ്ചക്കാരാക്കി മാറ്റാതെ കാവല്‍ക്കാരാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കരയിലെ കണ്ടിയൂര്‍ ബൈപാസിന്റെ ഉദ്ഘാടനവും ബി.എച്ച്- പി.എം. ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ.എസ്.ഇ.ബി പവര്‍ഹൗസ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരാതികള്‍ അറിയിക്കാനായി ആരംഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ പി.ഡബ്ല്യൂ.ഡി. ഫോര്‍ യു ആപ്പിലൂടെ പതിനയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതില്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും നടപടിയെടുത്തു.

മാവേലിക്കര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പുതിയ ബൈപാസ് ഉപകരിക്കും. റെയില്‍വേ മേല്‍ പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, ബൈപാസുകള്‍ എന്നിവയാണ് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫലപ്രദമാകുക. ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമെന്ന പദ്ധതിയുടെ ഭാഗമായി പ്രധാന പാതകളില്‍ 72 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കും- മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എ ആര്‍. രാജേഷ് മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്തു വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, വൈസ് ചെയര്‍മാന്‍ ലളിത രവീന്ദ്രനാഥ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *