നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കണം: പ്രതിപക്ഷനേതാവ്

Share this post:

കരാറുകാരടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കരാറുകാര്‍ നിയമസഭാ മാര്‍ച്ച് നടത്തി

നിര്‍മ്മാണ വസ്തുക്കളുടെ അസാധാരണവിലക്കയറ്റവും, കേരള സര്‍ക്കാരിന്റെ നയവൈകല്യങ്ങളും നിമിത്തം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണെന്നും, കടുത്ത പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കരാറുകാരെ സഹായിക്കാന്‍ കരാറുകളില്‍ വിലവ്യതിയാന വ്യവസ്ഥ അടിയന്തിരമായി നടപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ (കെജിസിഎ), ബില്‍ഡേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ തുടങ്ങി കേരളത്തിലെ നിര്‍മ്മാണ മേഖലയിലെ എല്ലാ സംഘടനകളുടെയും നേത്യത്വത്തില്‍ ബുധനാഴ്ച രാവിലെ നടത്തിയ സംയുക്ത നിയമസഭാ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ടനിര്‍മ്മാണത്തിന്റെ നട്ടെല്ലും, തൊഴില്‍ദായകരും സര്‍ക്കാരിന് നികുതിയിനത്തില്‍ വന്‍ തുക സംഭാവന ചെയ്യുന്നവരുമായ കരാറുകരെ അവഹേളിക്കുയും അവരുടെ ന്യായമായ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന സമീപനത്തിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നിര്‍മ്മാണ വസ്തുക്കളുടെ വില 50 മുതല്‍ നൂറു ശതമാനം വരെ വര്‍ദ്ധിച്ചിരിക്കുകയാണ്. സിമന്റ് കമ്പനികള്‍ ഒരു കാര്‍ട്ടലായി പ്രവര്‍ത്തിച്ച് ഒരു മാനദണ്ഡവുമില്ലാതെ വില വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ശ്രീ സതീശന്‍ പറഞ്ഞു. കരാറുകാരുടെ സമരത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

നേരത്തെ ജലവിഭവ വകുപ്പ് ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കെജിസിഎ സംസ്ഥാന പ്രസിഡന്റ് ശ്രീ വര്‍ഗ്ഗീസ് കണ്ണമ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തില്‍ ബില്‍ഡേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ നേതാവ് നജീബ് മണ്ണേല്‍ അദ്ധ്യക്ഷത വഹിച്ചുു. എംഎല്ലെമാരായ പി ഉബൈദുള്ള, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, വിവിധ സംഘടനാ നേതാക്കളായ അലക്‌സ് പി സിറിയക്ക്, ആര്‍ മുരുകന്‍, ജോസഫ് ജോണ്‍, എന്‍ സുഗതന്‍, കെ അനില്‍കുമാര്‍, അഷ്‌റഫ് കടവിളാകം, വി ഹരിദാസ്, സിറാജുദ്ദീന്‍ ഇല്ലത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *