നികുതി വരുമാനത്തിലെ കുറവ് ജിഎസ്ടിയെ പഴിചാരി കേരള സര്‍ക്കാര്‍, വിയോജിപ്പുമായി സാമ്പത്തിക വിദഗ്ദ്ധര്‍

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കേരളമുള്‍പ്പെടയുള്ള സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായാതായി കേരള ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുന്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക് എന്നിവര്‍. ജിഎസ്ടി നടപ്പാക്കിയ ശേഷം കേന്ദ്രസംസ്ഥാന ബന്ധം തന്നെ താറുമാറായതായി ഡോ ഐസക്ക് പറഞ്ഞു. ജി.എസ്.ടി – ഇന്ത്യന്‍ അനുഭവ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍(ഗിഫ്റ്റ്) നവംബര്‍ 12, 13 തീയതികളില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയില്‍ സംസാരിക്കവേ ആയിരുന്നു അവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെങ്കിലും കേരളത്തിന്റെ നികുതി വരുമാനക്കുറവിന് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് മുഖ്യ കാരണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. നികുതി പരിച്ചെടുക്കുന്നതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാട്ടുന്നില്ലെന്ന് vikasmudra.com നോട് അവര്‍ പറഞ്ഞു. ജിഎസ്ടിയെ തുടക്കത്തില്‍ സ്വാഗതം ചെയ്ത ഡോ. തോമസ് ഐസക്ക് ഇപ്പോള്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍ vikasmudra.com നോടു പറഞ്ഞു.

ജി.എസ്.ടി. നടപ്പാക്കിയ ശേഷം നികുതി വരുമാനത്തിലുണ്ടായ പോരായ്മകള്‍ പൂര്‍ണമായി പരിഹരിക്കപ്പെടാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ജി.എസ്.ടി. നടപ്പാക്കിയതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കോ നികുതിദായകരായ സാധാരണക്കാര്‍ക്കോ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന രീതിയിലാണു ചരക്കു സേവന നികുതി നടപ്പാക്കിയിരിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ക്കു കിട്ടേണ്ട നികുതിയെന്തെന്നു കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയാണുള്ളത്. ഇതു സംസ്ഥാന സര്‍ക്കാരുകളെ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലും ഗൗരവമായി ബാധിച്ചിട്ടുണ്ട്. ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്നതിലും വലിയ കുറവാണു സംസ്ഥാനത്തിനുള്ളതെന്നും വരുന്ന ജൂലൈയില്‍ ഇത് അവസാനിക്കുന്നതോടെ സ്ഥിതി സങ്കീര്‍ണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ കേന്ദ്രത്തിനു പ്രത്യക്ഷ നികുതി വരുമാനത്തില്‍ അനുഭവപ്പെടുന്ന വലിയ കുറവ് നികത്താന്‍ പരോക്ഷ നികുതിയിലേക്കു കൈകടത്തുകയാണ്. ഇതു രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കും. ചരക്കു സേവന നികുതി എന്ന ആശയം കൃത്യവും വ്യക്തവുമായി നടപ്പാക്കിയാല്‍ വരുമാനം കൂട്ടാന്‍ കഴിയും. ഇതു നടപ്പാക്കിയതിലെ പാളിച്ച മൂലം നിരവധി ചോര്‍ച്ചകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കി നാലു വര്‍ഷം പിന്നിടുന്ന വേളയില്‍ സാമ്പത്തിക രംഗത്ത് ഈ പുതിയ നികുതി സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളതു നിരാശപ്പെടുത്തുന്ന അനുഭവമാണെന്നു ശില്‍പ്പശാലയില്‍ പങ്കെടുത്ത മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയുണ്ടാക്കിയിട്ടുള്ള നിരാശ എല്ലാ തലങ്ങളിലും പ്രകടമാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല താഴേക്കു പോകുകയാണ്. ചരക്കു സേവന നികുതി ഘടനയില്‍ പൊളിച്ചെഴുത്തുകള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നികുതി, നികുതിയേതര വരുമാനങ്ങള്‍ പിരിച്ചെടുക്കുന്നതില്‍ സംസ്ഥാനം തികഞ്ഞ അനാസ്ഥ കാട്ടുന്നതായി സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോര്‍ജ് ചൂണ്ടിക്കാണിച്ചു. നൂറുകണക്കിനു കോടി രൂപയുടെ നികുതി പലയിടത്തും പിരിച്ചെടുക്കാതെയുണ്ട്. ജിഎസ്ടി വെട്ടിപ്പ് പലയിടത്തും നടക്കുന്നതായി അവര്‍ ചൂണ്ടിക്കാണിച്ചു. വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന നികുതിയേതര വരുമാനത്തില്‍പ്പെട്ട ഫീസുകള്‍ വര്‍ദ്ധിപ്പിക്കുക, അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പുതുക്കുന്നതു നിര്‍ത്തി പത്തുവര്‍ഷത്തിലൊരിക്കലാക്കുക, സര്‍ക്കാരിന്റെ അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക തുടങ്ങയവയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാകുമെന്നവര്‍ പറഞ്ഞു.

വ്യവസായങ്ങള്‍, പ്രത്യേകിച്ചും മാനുഫാക്ചറിങ്ങ് മേഖലയിലുള്ളവ വരാതെ കേരളത്തിന് നികുതി വരുമാന വര്‍ദ്ധന സാധ്യമാവുകയില്ലെന്ന് ശ്രീ രഞ്ജിത് കാര്‍ത്തികേയന്‍ പറഞ്ഞു. വ്യവസായസൗഹ്യദമല്ലാത്ത സംസ്ഥനമെന്ന ചീത്തപ്പേര് മാറ്റാതെ അത് സാധ്യമാകില്ല. ഇടതു സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണ് സംസ്ഥാനത്തെ നികുതി വരുമാനത്തിന്റെ ഇടിവിനു കാരണം അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this post: